ടൊറന്റോ : തിങ്കളാഴ്ച രാവിലെ മുതൽ ടൊറന്റോയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് എൻവയൺമെന്റ് കാനഡ. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് പ്രതീക്ഷിക്കാമെന്ന് ഏജൻസി പറയുന്നു. ഞായറാഴ്ച ജിടിഎ മേഖലയിലുടനീളം പ്രഖ്യാപിച്ച മഴയുടെയും മഞ്ഞുമഴയുടെയും തുടർച്ചയായാണ് മുന്നറിയിപ്പ്. അതിശൈത്യമുള്ള തണുത്ത കാറ്റ് വീശുന്നതോടെ താപനില വൻതോതിൽ താഴുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മരങ്ങൾ കടപുഴകി വീഴാനും കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. വൈദ്യുതി ബന്ധം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു. പുതുവർഷപ്പിറവിയിലും അതിശൈത്യം തുടരുമെന്നാണ് പ്രവചനം. പുതുവർഷ ദിനത്തിൽ താപനില മൈനസ് 11 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുള്ളതിനാൽ കടുത്ത തണുപ്പിനെ നേരിടാൻ നഗരവാസികൾ തയ്യാറെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
