ഓട്ടവ : കാനഡയുടെ സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ വിപണിയെയും ബാധിക്കുന്ന പുതുവർഷത്തിലെ ബാങ്ക് ഓഫ് കാനഡയുടെ ആദ്യ പലിശ നിരക്ക് പ്രഖ്യാപനം ജനുവരി 28-ന് നടക്കും. സാമ്പത്തിക മാന്ദ്യം തടയുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സെൻട്രൽ ബാങ്കിന്‍റെ പണനയം നിർണ്ണായകമാണെന്നതിനാൽ ഓരോ പലിശനിരക്ക് പ്രഖ്യാപനവും ആകാംക്ഷയോടെയാണ് സാമ്പത്തിക വിദഗ്ധർ അടക്കം കാത്തിരിക്കുന്നത്. ജനുവരി മുതൽ ഡിസംബർ വരെയുള്ള എട്ട് പ്രധാന തീയതികളിലാണ് 2026-ൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപിക്കുക. ജനുവരി 28-ന് ശേഷം മാർച്ച് 18, ഏപ്രിൽ 29, ജൂൺ 10, ജൂലൈ 15, സെപ്റ്റംബർ 2, ഒക്ടോബർ 28, ഡിസംബർ 9 എന്നീ തീയതികളിലാണ് സെൻട്രൽ ബാങ്ക് പലിശനിരക്ക് പ്രഖ്യാപിക്കുക.

2025-ലെ അവസാന പ്രഖ്യാപനത്തിൽ ബാങ്ക് ഓഫ് കാനഡ 2.25 ശതമാനമായി പലിശനിരക്ക് നിലനിർത്തിയിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ നിരക്ക് നിലനിർത്തിയതിന് ശേഷം ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ സെപ്റ്റംബറിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.75 ൽ നിന്ന് 2.5 ശതമാനമായി കുറച്ചു. തുടർന്ന് ഒക്ടോബറിൽ സെൻട്രൽ ബാങ്ക് പ്രധാന പലിശ നിരക്ക് 2.5 ശതമാനത്തിൽ നിന്ന് 2.25 ശതമാനമായി കുറച്ചു.
