ഓട്ടവ : സാൽമൊണെല്ല അണുബാധയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ആകെ 314 പിസ്തയും പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങളും തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, ഒൻ്റാരിയോ, നോവസ്കോഷ എന്നീ പ്രവിശ്യകളിൽ വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്ത ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുകയോ വാങ്ങിയ സ്ഥലത്ത് തിരികെ നൽകുകയോ ചെയ്യണമെന്നും അവ കഴിച്ച് അസുഖം ബാധിച്ചതായി സംശയിക്കുന്നുവെങ്കിൽ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും CFIA ഉപഭോക്താക്കളോട് നിർദ്ദേശിച്ചു.

സാൽമൊണെല്ല അണുബാധ മൂലം ഡിസംബർ 30 വരെ 24 പേർ ആശുപത്രിയിൽ ചികിത്സ നേടിയിട്ടുണ്ട്. കെബെക്കിൽ 77, ഒൻ്റാരിയോയിൽ 58, ബ്രിട്ടിഷ് കൊളംബിയയിൽ ഒമ്പത്, ആൽബർട്ടയിൽ ഏഴ്, മാനിറ്റോബയിൽ മൂന്ന്, ന്യൂബ്രൺസ്വിക്കിൽ ഒന്ന് എന്നിങ്ങനെ മൊത്തം 155 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാൽമൊണെല്ലയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളിൽ വിറയൽ, പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവ ഉൾപ്പെടാമെന്ന് ഏജൻസി പറയുന്നു. രോഗലക്ഷണങ്ങൾ സാധാരണയായി എക്സ്പോഷർ കഴിഞ്ഞ് ആറ് മുതൽ 72 മണിക്കൂറിനുള്ളിൽ ആരംഭിക്കുമെന്നും, മിക്ക ലക്ഷണങ്ങളും നാല് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്നും ഏജൻസി കൂട്ടിച്ചേർത്തു.
