കൊച്ചി∙ രാജ്യത്തിന്റെ റെയിൽവേ വികസനത്തിൽ ഇടം നേടി കേരളത്തിലെ മൂന്ന് സ്റ്റേഷനുകൾ. എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളും തൃപ്പൂണിത്തുറ സ്റ്റേഷനുമാണ് കേന്ദ്രത്തിന്റെ 48 സ്റ്റേഷനുകളുടെ പട്ടികയിൽ ഇടംപിടിച്ചത്. അടുത്ത 5 കൊല്ലത്തിനിടയിൽ റെയിൽവേ നടത്തുന്ന വൻ വികസന പദ്ധതികളുടെ കേന്ദ്രമാകുന്ന സ്റ്റേഷനുകൾ തിരഞ്ഞെടുക്കാൻ ഓരോ റെയിൽവേ സോണുകൾക്കും റെയിൽവേ മന്ത്രാലയം നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ റെയിൽവേ തിരഞ്ഞെടുത്തത് 3 സ്ഥലങ്ങളാണ് – ചെന്നൈ, കോയമ്പത്തൂർ, കൊച്ചി (3 സ്റ്റേഷനുകൾ വീതം). രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്നതിൽ കൊച്ചി പ്രധാന പങ്കു വഹിക്കുന്നത് കൊണ്ടാണ് തിരഞ്ഞെടുത്തത്.

കേരളത്തിലിപ്പോഴുള്ള യാത്രാ, ചരക്ക് ഗതാഗതത്തിന്റെ വലിയൊരു പങ്ക് കൊച്ചി വഴിയാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കടന്നു പോകുന്നത്. ദീർഘദൂര, ഇന്റർസിറ്റി, പാസഞ്ചർ ട്രെയിന് സർവീസുകൾ കടന്നു പോകുന്ന കേരളത്തിലെ പ്രധാന സ്റ്റേഷനും എറണാകുളം തന്നെയാണ്. എറണാകുളം സൗത്ത്, നോർത്ത്, തൃപ്പൂണിത്തുറ സ്റ്റേഷനുകളുടെ വികസനം കൊച്ചിയുടെ വാണിജ്യ, വ്യാവസായ, വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്ന് കേന്ദ്ര റെയിൽമന്ത്രി അശ്വനി വൈഷ്ണവ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കൊച്ചി കേന്ദ്രമായ കോച്ചിങ് ടെർമിനലുകൾ വികസിപ്പിക്കുകയാണ് പദ്ധതി. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതു കൂടി കണക്കിലെടുത്ത് 2030ന് മുമ്പ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് നിലവിലുള്ള ട്രെയിനുകളുടെ ഇരട്ടി ട്രെയിൻ സർവീസുകൾ തുടങ്ങും.
