വിനിപെഗ് : ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഹെൽത്ത് സയൻസസ് സെന്‍ററിൽ അഞ്ചാംപനി സ്ഥിരീകരിച്ചതായി മാനിറ്റോബ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഡിസംബർ 27 പുലർച്ചെ 2:10 മുതൽ രാവിലെ 6 വരെ ഹെൽത്ത് സയൻസസ് സെന്‍റർ സന്ദർശിച്ചവർ അഞ്ചാംപനി ലക്ഷണങ്ങൾ നിരീക്ഷിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. 2025 ഫെബ്രുവരി മുതൽ പ്രവിശ്യയിൽ ആകെ 290 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അണുബാധയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

സമ്പർക്ക കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നവർ തങ്ങളുടെ വാക്സിനേഷൻ വിവരങ്ങൾ പരിശോധിക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർ ഉടൻ വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പനി, ചുമ, കണ്ണുകൾക്ക് ചുവപ്പ് നിറം, ചർമ്മത്തിൽ തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
