എഡ്മിന്റൻ : ആർസിഎംപി എന്ന ഫെഡറൽ പൊലീസ് സേവനത്തിന് പകരം പ്രവിശ്യാ പൊലീസ് സേന രൂപീകരിക്കണമെന്ന ആൽബർട്ടയുടെ റിപ്പോർട്ടിനെതിരെ നാഷണൽ പൊലീസ് ഫെഡറേഷൻ രംഗത്ത്. പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ നേതൃത്വത്തിലുള്ള പാനൽ സമർപ്പിച്ച റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പൊലീസ് യൂണിയൻ കുറ്റപ്പെടുത്തി. ആൽബർട്ടയിലെ ജനങ്ങൾ നേരത്തെ തന്നെ തള്ളിക്കളഞ്ഞ നിർദ്ദേശമാണ് വീണ്ടും കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും, പൊലീസുകാരുടെ കുറവ് സംബന്ധിച്ച പഴയ കണക്കുകളാണ് റിപ്പോർട്ടിൽ ഉപയോഗിച്ചിരിക്കുന്നതെന്നും യൂണിയൻ ലീഡർ ബ്രയാൻ സോവെ പറഞ്ഞു.

എന്നാൽ, ആൽബർട്ടയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വതന്ത്രമായ പൊലീസ് സേന അത്യാവശ്യമാണെന്നാണ് സർക്കാർ പാനലിന്റെ വാദം. നിലവിൽ ആർസിഎംപി നേരിടുന്ന ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാൻ പ്രവിശ്യാ പൊലീസ് സേനയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒന്റാരിയോ, കെബെക്ക് എന്നീ പ്രവിശ്യകളുടെ മാതൃക പിന്തുടർന്ന് ആൽബർട്ടയും സ്വന്തം പൊലീസ് സേനയെ രൂപീകരിക്കണമെന്നാണ് പാനലിന്റെ ശുപാർശ. എന്നാൽ ആർസിഎംപി ഇതിനകം ആയിരക്കണക്കിന് പുതിയ അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രവർത്തനം ശക്തമാക്കുകയാണെന്നും അധികൃതർ അറിയിച്ചു.
