മൺട്രിയോൾ: വടക്കൻ കെബെക്കിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ രോഗികളെക്കൊണ്ട് നിറഞ്ഞതിനെത്തുടർന്ന്, അടിയന്തര സാഹചര്യമില്ലാത്ത രോഗികളെ മറ്റ് ക്ലിനിക്കുകളിലേക്ക് മാറ്റാൻ പബ്ലിക് ഹെൽത്ത് യൂണിറ്റ് ഉത്തരവിട്ടു. ഗാറ്റിനോ, ഹൾ, പാപ്പിനോ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഈ കർശന നിയന്ത്രണം. ആശുപത്രിയിലെത്തുന്ന രോഗികളെ ആദ്യം പരിശോധനയ്ക്ക് വിധേയമാക്കും. നില ഗുരുതരമല്ലെങ്കിൽ അവരെ തൊട്ടടുത്തുള്ള മറ്റ് ക്ലിനിക്കുകളിലേക്കോ ഹെൽത്ത് സെന്ററുകളിലേക്കോ മാറ്റും. രോഗികൾക്ക് ഈ മാറ്റം സ്വീകരിക്കാതിരിക്കാൻ കഴിയും. പക്ഷേ ആശുപത്രിയിൽ തിരക്ക് കുറയുന്നത് വരെ അത്യാഹിത വിഭാഗത്തിൽ അവർക്ക് ചികിത്സ നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. പകരം മറ്റ് അനുയോജ്യമായ കേന്ദ്രങ്ങളിൽ ഇവർക്ക് ചികിത്സ ഉറപ്പാക്കും.

അതേ സമയം ജീവന് ഭീഷണിയുള്ളതോ അടിയന്തര ശ്രദ്ധ ആവശ്യമുള്ളതോ ആയ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ലഭിക്കും. ഈ വർഷം വ്യാപിച്ച ശക്തമായ പനി ആണ് ആശുപത്രികളെ സമ്മർദ്ദത്തിലാക്കിയത്. ഓട്ടവ മേഖലയിലെ ആശുപത്രികളിൽ നിലവിൽ 182 ശതമാനമാണ് തിരക്ക്. അതായത്, ഉള്ള സൗകര്യത്തേക്കാൾ ഇരട്ടിയോളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. നില വഷളാകുകയാണെങ്കിൽ മാത്രം അത്യാഹിത വിഭാഗത്തിൽ വരികയോ 811 എന്ന നമ്പറിൽ വിളിച്ച് ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടുകയോ ചെയ്യണമെന്ന് പബ്ലിക് ഹെൽത്ത് യൂണിറ്റ് അറിയിച്ചു.
