Tuesday, December 30, 2025

പുടിന്റെ വസതി ലക്ഷ്യമിട്ട് യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ; ആരോപണം തള്ളി സെലന്‍സ്‌കി

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് യുക്രെയ്ന്‍ വന്‍തോതിലുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ആരോപിച്ചു. 91 ദീര്‍ഘദൂര ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും എന്നാല്‍ ഇവയെല്ലാം റഷ്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ചിട്ടതായും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുടെ വടക്കുപടിഞ്ഞാറന്‍ നോവ്‌ഗൊറോഡ് മേഖലയിലുള്ള പുടിന്റെ സ്റ്റേറ്റ് റെസിഡന്‍സിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് റഷ്യ അവകാശപ്പെടുന്നു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സംഭവത്തെ ‘സ്റ്റേറ്റ് ടെററിസം’ എന്നാണ് ലാവ്റോവ് വിശേഷിപ്പിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകളിലെ തങ്ങളുടെ നിലപാട് റഷ്യ പുനപ്പരിശോധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം റഷ്യയുടെ ആരോപണം ശുദ്ധ നുണയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാനും യുക്രെയ്‌നെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനുമുള്ള ഒഴികഴിവായിട്ടാണ് റഷ്യ ഇത്തരം കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി. പുട്ടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപ് തന്റെ അതൃപ്തി അറിയിച്ചത്. എന്നാല്‍ ആക്രമണം നടന്നോ എന്ന കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!