ടൊറൻ്റോ : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടൊറൻ്റോയിൽ അനുഭവപ്പെടുന്ന അതിതീവ്രമായ ശൈത്യകാലാവസ്ഥ ഇന്നും തുടരുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചയ്ക്കും വൈകുന്നേരവും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു.

മഞ്ഞുവീഴ്ച ദിവസം മുഴുവൻ നഗരത്തിന്‍റെ ചില ഭാഗങ്ങളെ ബാധിച്ചേക്കാമെന്നും ഏജൻസി അറിയിച്ചു. മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റും വീശും. ഇതോടെ വിസിബിലിറ്റി പൂജ്യമായി കുറയുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പുതുവത്സരാഘോഷത്തിന് മുന്നോടിയായി, നഗരത്തിലെ പകൽ താപനില മൈനസ് നാല് ഡിഗ്രി സെൽഷ്യസായിരിക്കും. രാത്രിയിൽ താപനില മൈനസ് 13 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. എന്നാൽ, കാറ്റിനൊപ്പം തണുപ്പ് മൈനസ് 15 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു.
