ടൊറന്റോ: ഒന്റാരിയോയിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും കാറ്റിലും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. മരങ്ങൾ കടപുഴകി വീണും വൈദ്യുതി ലൈനുകൾക്ക് മുകളിൽ ഐസ് കട്ടകൾ അടിഞ്ഞുകൂടിയുമാണ് പലയിടങ്ങളിലും തകരാർ സംഭവിച്ചത്. ഒൻ്റാരിയോയിലെ ഏറ്റവും വലിയ വൈദ്യുതി വിതരണ കമ്പനിയായ ഹൈഡ്രോ വൺ (Hydro One) നൽകുന്ന വിവരമനുസരിച്ച്, ചൊവ്വാഴ്ച രാവിലെയും ഏകദേശം 15,000 ഉപഭോക്താക്കൾ ഇരുട്ടിൽ തുടരുകയാണ്. തിങ്കളാഴ്ച ഇത് 60,000-ത്തിന് മുകളിലായിരുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വടക്കൻ ഒന്റാരിയോയിലെ ഹൈവേ 11 ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ അടച്ചുപൂട്ടി.

നോർത്ത് ബേയ്ക്കും ഹേർസ്റ്റിനും ഇടയിലുള്ള നൂറുകണക്കിന് കിലോമീറ്റർ പാതകളിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കുന്ന കാറ്റ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ 50 സെന്റീമീറ്റർ വരെ അധിക മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഞായറാഴ്ച മുതൽ ആരംഭിച്ച കൊടുങ്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്‌ടങ്ങളിൽപ്പെട്ട 88,000-ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചുവെന്ന് ഹൈഡ്രോ വൺ അറിയിച്ചു. മോശം കാലാവസ്ഥ തുടരുന്നതിനാൽ തകരാറുകൾ പരിഹരിക്കാൻ ഇനിയും സമയമെടുത്തേക്കാമെന്നും അധികൃതർ അറിയിച്ചു
