ടൊറന്റോ: ക്രിസ്മസ് – പുതുവത്സര അവധിക്കാലത്ത് ടൊറന്റോ നഗരത്തിൽ ഒപ്പിയോയിഡ് ലഹരിമരുന്ന് അമിത അളവിൽ ഉപയോഗിച്ച കേസുകളിൽ വൻ വർധന. ഡിസംബർ 20 മുതൽ 28 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ മാത്രം ഇത്തരത്തിലുള്ള 122 കേസുകൾ റിപ്പോർട്ട് ചെയ്തു. ടൊറന്റോ പബ്ലിക് ഹെൽത്തിൻ്റെ കണക്കുകൾ പ്രകാരമാണിത്.
കഴിഞ്ഞ രണ്ട് വർഷത്തെ ശരാശരിയേക്കാൾ 35 ശതമാനം അധികമാണിത്. അമിത അളവിൽ ലഹരിമരുന്ന് ഉപയോഗിച്ചുള്ള കേസുകൾ വർദ്ധിച്ചുവെങ്കിലും, ഈ കാലയളവിൽ അഞ്ച് മരണങ്ങളിൽ താഴെ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നത് ആശ്വാസകരമായി വിലയിരുത്തപ്പെടുന്നു.

ഫെന്റനൈൽ സാമ്പിളുകളിൽ മാരകമായ പാരാ-ഫ്ലൂറോഫെന്റനൈൽ എന്ന പദാർത്ഥത്തിന്റെ സാന്നിധ്യവും കണ്ടെത്തി. പരിശോധിച്ച 81 ശതമാനം ഫെന്റനൈൽ സാമ്പിളുകളിലും മൃഗങ്ങൾക്കായി ഉപയോഗിക്കുന്ന മരുന്നായ മെഡെറ്റോമിഡിൻ്റെ സാന്നിധ്യം കണ്ടെത്തി. ഇത് ശ്വസനപ്രക്രിയ തടസ്സപ്പെടുത്തുകയും രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കുകയും ചെയ്‌തു. ലഹരിമരുന്ന് ഉപയോഗിക്കുന്നവർ സഹായത്തിനായി 1-888-688-6677 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ‘Be Safe’ എന്ന മൊബൈൽ ആപ്പ് ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.
