വാഷിങ്ടണ്‍: വെനസ്വേലന്‍ തീരത്ത് മയക്കുമരുന്ന് ബോട്ടുകളില്‍ ചരക്ക് കയറ്റാന്‍ ഉപയോഗിച്ചിരുന്ന പ്രധാന കേന്ദ്രം അമേരിക്ക തകര്‍ത്തതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. വെനസ്വേലന്‍ സര്‍ക്കാരിനെതിരായ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായി ആദ്യമായാണ് അമേരിക്ക ഒരു കരപ്രദേശത്ത് സൈനിക നീക്കം നടത്തുന്നത്.
മയക്കുമരുന്ന് ബോട്ടുകളില്‍ ലഹരിവസ്തുക്കള്‍ നിറയ്ക്കുന്ന ഡോക്ക് ഏരിയയില്‍ വലിയൊരു സ്‌ഫോടനം ഉണ്ടായതായി ട്രംപ് പറഞ്ഞു. ‘ഞങ്ങള്‍ എല്ലാ ബോട്ടുകളും തകര്‍ത്തു, ഇപ്പോള്‍ ആ പ്രദേശം തന്നെ ഇല്ലാതാക്കിയിരിക്കുന്നു,’ ട്രംപ് വ്യക്തമാക്കി. ആക്രമണം നടത്തിയത് യുഎസ് സൈന്യമാണോ അതോ സിഐഎ ആണോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ട്രംപ് വിസമ്മതിച്ചു. എന്നാല്‍ സിഐഎ നടത്തിയ ഡ്രോണ്‍ ആക്രമണമാണിതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെനസ്വേലയിലെ ‘ട്രെന്‍ ഡി അരഗ്വ’ (Tren de Aragua) എന്ന ഗുണ്ടാസംഘം മയക്കുമരുന്ന് സംഭരിക്കാന്‍ ഉപയോഗിച്ചിരുന്ന കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മയക്കുമരുന്ന് കടത്തുന്ന ബോട്ടുകളെ കടലില്‍ വെച്ച് തകര്‍ക്കുന്ന രീതി അമേരിക്ക സ്വീകരിച്ചിരുന്നു. എന്നാല്‍ കരയിലുള്ള ഒരു കേന്ദ്രം ആക്രമിക്കുന്നത് ഇതാദ്യമാണ്.
അമേരിക്കയുടെ ഈ സൈനിക നീക്കത്തിനെതിരെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ രൂക്ഷമായി പ്രതികരിച്ചു. മയക്കുമരുന്ന് വേട്ട എന്ന പേരില്‍ രാജ്യത്തെ സാധാരണക്കാരെയാണ് അമേരിക്ക ആക്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കന്‍ അതിര്‍ത്തികളിലേക്ക് എത്തുന്ന ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാന്‍ ഏതറ്റം വരെയും പോകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ നീക്കം.
