ഓട്ടവ : പുതുവർഷത്തിലും രാജ്യത്ത് അതിശൈത്യകാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. കാനഡയുടെ കിഴക്കൻ മേഖലകളിൽ സാഹചര്യം കൂടുതൽ ഗുരുതരമാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒൻ്റാരിയോയിലെയും കെബെക്കിലെയും ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം മഞ്ഞുമഴയും ശക്തമായ കാറ്റും വീശും. കെബെക്ക് സിറ്റിയിലും വടക്കൻ ന്യൂബ്രൺസ്വിക്കിലെ ചില പ്രദേശങ്ങളിൽ 15 മുതൽ 40 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. കെബെക്കിലെ സെൻ്റ് ലോറൻസ് തീരപ്രദേശങ്ങളിൽ 40 മുതൽ 60 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച മഞ്ഞുമഴയും മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും മൂലം ഒൻ്റാരിയോയിൽ പതിനായിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മൺട്രിയോൾ, ഹാലിഫാക്സ് വിമാനത്താവളങ്ങളിൽ വിമാനങ്ങൾ വൈകുകയും റദ്ദാക്കുകയും ചെയ്തു.
