ഷാർലെറ്റ്ടൗൺ : ഹാലിഫാക്സിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയെയും മഞ്ഞുമഴയെയും തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതോടെ ഷാർലെറ്റ്ടൗൺ വിമാനത്താവളത്തിൽ അപ്രതീക്ഷിത തിരക്ക്. ഹാലിഫാക്സ് സ്റ്റാൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം ഒൻപത് മണിക്കൂറിലധികം അടച്ചിടേണ്ടി വന്നതിനെത്തുടർന്ന് ഏകദേശം അൻപതോളം വിമാന സർവീസുകളാണ് റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്. ഇതിൽ ഗാൻഡർ, നെവാർക്ക്, ടൊറന്റോ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വിമാനങ്ങളാണ് ഷാർലെറ്റ്ടൗണിൽ ഇറക്കിയത്. റൺവേയിലെ മഞ്ഞ് നീക്കം ചെയ്യുന്നതിന് പിന്നാലെ വീണ്ടും മഞ്ഞുമഴ പെയ്യുന്നത് ശുചീകരണ പ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കിയതായി ഹാലിഫാക്സ് എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

അപ്രതീക്ഷിതമായി എത്തിയ വിമാനങ്ങളിലെ യാത്രക്കാരെ ഷാർലെറ്റ്ടൗണിലെ ഹോട്ടലുകളിൽ താമസിപ്പിച്ചു. ടൊറന്റോയിൽ നിന്നുള്ള വിമാനം തിരികെ പോകാൻ ശ്രമിച്ചെങ്കിലും റൺവേയിൽ ഐസ് നിറഞ്ഞതിനെത്തുടർന്ന് യാത്ര റദ്ദാക്കേണ്ടി വന്നു. ചൊവ്വാഴ്ച രാവിലെയോടെ കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടർന്ന് വഴിതിരിച്ചുവിട്ട വിമാനങ്ങൾ ഹാലിഫാക്സിലേക്ക് തിരിച്ചുപോയി. ഇത്തരം സാഹചര്യങ്ങൾ അപൂർവ്വമാണെന്നും വിമാനത്താവള ജീവനക്കാരുടെയും മറ്റ് പങ്കാളികളുടെയും സഹകരണത്തോടെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സാധിച്ചുവെന്നും ഷാർലെറ്റ്ടൗൺ എയർപോർട്ട് അതോറിറ്റി സിഇഒ ഡഗ് ന്യൂസൺ അറിയിച്ചു.
