ഓട്ടവ : കനേഡിയൻ പൗരന്മാർക്ക് വിതരണം ചെയ്ത കോവിഡ് ആനുകൂല്യ തിരിച്ചടവിൽ1,035 കോടി ഡോളർ കുടിശ്ശികയുണ്ടെന്ന് കാനഡ റവന്യൂ ഏജൻസി റിപ്പോർട്ട് ചെയ്തു. വൻതുക കുടിശ്ശിക ആയത് അർഹതയില്ലാത്ത വ്യക്തികൾക്ക് ആനുകൂല്യങ്ങൾ ലഭിച്ചതിലൂടെയോ അമിത പേയ്‌മെൻ്റുകൾ കാരണമോ ആണെന്ന് സിആർഎ വക്താവ് നിന യൂസുപോവ പറയുന്നു. നവംബർ 30 വരെ, 14 ലക്ഷത്തോളം ആളുകൾ വ്യക്തിഗത കോവിഡ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ഏകദേശം 330 കോടി ഡോളർ കടങ്ങൾ തിരിച്ചടച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

നവംബർ 30 വരെ, CERB എന്നറിയപ്പെടുന്ന സാമ്പത്തിക സഹായ പദ്ധതിയായ കാനഡ എമർജൻസി റെസ്‌പോൺസ് ബെനിഫിറ്റിനുള്ള 4,530 കോടി ഡോളർ ഉൾപ്പെടെ, കാനഡക്കാർക്ക് 8,350 കോടി ഡോളർ കോവിഡ് ആനുകൂല്യമായി വിതരണം ചെയ്തതായി നിന യൂസുപോവ അറിയിച്ചു. 2023 ൽ കോവിഡ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട കടങ്ങളുള്ള വ്യക്തികൾക്ക് CRA റിക്കവറി ലെറ്ററുകൾ അയയ്ക്കാൻ തുടങ്ങിയിരുന്നു. കുടിശ്ശിക തുക അടയ്ക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നവർക്കെതിരെ CRA കർശന നടപടി സ്വീകരിക്കുമെന്നും കടം തിരിച്ചുപിടിക്കാൻ നിയമവഴി തേടുമെന്നും നിന യൂസുപോവ പറഞ്ഞു.
