എഡ്മിന്റൻ : ബാൻഫ് സ്കീ റിസോർട്ടിൽ കഴിഞ്ഞ ശനിയാഴ്ച ടൊറന്റോ സ്വദേശിനി മരിച്ച സംഭവത്തെത്തുടർന്ന് ശൈത്യകാല കായിക വിനോദങ്ങളിലെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി വിദഗ്ധർ. മാർക്ക് ചെയ്ത എളുപ്പവഴികളിലൂടെ യാത്ര ചെയ്യുമ്പോഴും മാരകമായേക്കാവുന്ന ‘സ്നോ ഇമ്മേഴ്ഷൻ സഫോക്കേഷൻ’ (SIS) എന്ന പ്രതിഭാസമാണ് ഇവിടെ അപകടമുണ്ടാക്കുന്നത്. മരച്ചുവട്ടിലെ കുഴികളിലോ (tree wells) അല്ലെങ്കിൽ മൃദുവായ മഞ്ഞ് കുന്നുകൂടിക്കിടക്കുന്ന ഇടങ്ങളിലോ തലകീഴായി വീഴുന്നവർക്ക് മിനിറ്റുകൾക്കുള്ളിൽ ശ്വാസം മുട്ടി മരണം സംഭവിക്കാം. ശ്വസനവായു തടസ്സപ്പെടുന്നത് മൂലം 10 മുതൽ 12 മിനിറ്റുകൾക്കുള്ളിൽ തന്നെ മരണം സംഭവിക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

മഞ്ഞിൽ ഇത്തരത്തിൽ കുടുങ്ങിപ്പോയാൽ സ്വയം രക്ഷപ്പെടുക എന്നത് അസാധ്യമാണ്. അതിനാൽ സ്കീയിങ്ങിന് പോകുമ്പോൾ ഒരിക്കലും ഒറ്റയ്ക്ക് പോകരുതെന്നും കൂടെയുള്ള ആളെ എപ്പോഴും കാഴ്ചപരിധിയിൽ നിർത്തണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. ആരെങ്കിലും മഞ്ഞിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടാൽ കാലിൽ പിടിച്ച് വലിക്കാതെ, അവരുടെ തലയിരിക്കുന്ന ഭാഗം ലക്ഷ്യമാക്കി മഞ്ഞ് മാറ്റി ശ്വസിക്കാൻ വഴി ഒരുക്കുകയാണ് വേണ്ടത്. മരങ്ങൾക്കിടയിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതും അംഗീകൃത പാതകളിലൂടെ മാത്രം സഞ്ചരിക്കുന്നതും ഇത്തരം അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കും.
