Wednesday, December 31, 2025

മരണത്തിലും ജീവിക്കുന്നു ഡോ. അശ്വന്‍; അവയവദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവന്‍

കോഴിക്കോട്: മറ്റുള്ളവരുടെ വേദനയകറ്റാന്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍, ജീവിതത്തിൽ നിന്നും വിട പറഞ്ഞത്‌ മനുഷ്യസ്‌നേഹത്തിൻ്റെ പുതിയ അധ്യായവും രചിച്ച്‌. നാലുപേര്‍ക്ക്‌ പുതുജീവൻ പകർന്നാണ്‌ കൊല്ലം സ്വദേശി ഡോ. അശ്വിൻ മോഹനചന്ദ്രൻ ജീവിതത്തിൽ നിന്നും മടങ്ങുന്നത്‌. കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് ആയ ഡോ. അശ്വന്‍ (32) ആണ് മരണശേഷവും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശമായത്‌. കൊല്ലം ഉമയനല്ലൂര്‍ നടുവിലക്കര ‘സൗപര്‍ണിക’യില്‍ ഡോ. അശ്വന്റെ കരള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവ ഉള്‍പ്പടെ നാല് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അശ്വന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിയ്ക്കും ഹൃദയവാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ രോഗിക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേ രോഗിക്കും കൈമാറി. തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിക്കുകയും ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 20-ന് കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിനിടെ സ്വിമ്മിങ് പൂളില്‍ കാല്‍തെറ്റി വീണായിരുന്നു അപകടം.

ഗുരുതര പരിക്കേറ്റ അശ്വനെ മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഡിസംബര്‍ 27-ന് വിദഗ്ധ ചികിത്സയ്ക്കായി കൊല്ലം എന്‍.എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡിസംബര്‍ 30-ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. തന്റെ അവയവങ്ങള്‍ മരണാനന്തരം മറ്റൊരാള്‍ക്ക് പ്രയോജനപ്പെടണമെന്നത് ഡോ. അശ്വന്റെ വലിയ ആഗ്രഹമായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്. റിട്ട. അധ്യാപകന്‍ മോഹനചന്ദ്രന്‍ നായരുടെയും റിട്ട. ബാങ്ക് സെക്രട്ടറി അമ്മിണിയുടെയും മകനാണ് അശ്വന്‍. സഹോദരി: അരുണിമ (യു.എ.ഇ). കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോലീസിന്റെ സഹായത്തോടെ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് ഒരുമണിക്കൂര്‍ കൊണ്ട് അവയവം എത്തിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!