ഓട്ടവ: ഓരോ വെല്ലുവിളികളിലും കാനഡ പുലർത്തിയ അസാധാരണമായ ഐക്യദാർഢ്യത്തെ പ്രശംസിച്ച് ഗവർണർ ജനറൽ മേരി സൈമൺ. 2026 പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്തിന് നൽകിയ പ്രത്യേക വീഡിയോ സന്ദേശത്തിലാണ് അവർ കനേഡിയൻ ജനതയുടെ കരുത്തിനെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ വർഷം കാനഡ നേരിട്ട കാട്ടുതീ, സാമ്പത്തിക വെല്ലുവിളികൾ എന്നിവയ്ക്കിടയിലും ജനങ്ങൾ കാണിച്ച ഐക്യം മാതൃകാപരമാണെന്ന് അവർ പറഞ്ഞു. ടൊറന്റോ ബ്ലൂ ജെയ്‌സ് ടീം വേൾഡ് സീരീസ് ചാമ്പ്യൻഷിപ്പിലേക്ക് നടത്തിയ ആവേശകരമായ കുതിപ്പിനെയും ഐക്യത്തിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കനേഡിയൻ ജനത നൽകിയ പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും അവർ നന്ദി പറഞ്ഞു. രോഗബാധ കാരണം നവംബറിൽ നടന്ന ദേശീയ അനുസ്മരണദിന ചടങ്ങുകളിൽ മേയർ പങ്കെടുത്തിരുന്നില്ല. കനേഡിയൻ ജനത ധീരരും ഉൾക്കൊള്ളുന്ന മനോഭാവ മുള്ളവരുമാണെന്ന് വിശേഷിപ്പിച്ച അവർ, 2026 പുതുവർഷം രാജ്യത്തെ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്ന് പ്രത്യാശിച്ചു. കാനഡയുടെ മുപ്പതാമത് ഗവർണർ ജനറലായ മേരി സൈമൺ, ഈ പദവിയിലെത്തുന്ന ആദ്യ തദ്ദേശീയ വ്യക്തി കൂടിയാണ്.
