പി പി ചെറിയാൻ
ന്യൂയോർക്ക് : അമേരിക്കയിൽ ഇൻഫ്ലുവൻസ (പനി) കേസുകൾ അതിവേഗം വർധിക്കുന്നതായി സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അറിയിച്ചു. വരും ആഴ്ചകളിൽ രോഗവ്യാപനം ഇനിയും ശക്തമാകാനാണ് സാധ്യതയെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. ഈ സീസണിൽ ഇതുവരെ ഏകദേശം 75 ലക്ഷം ആളുകൾക്ക് രോഗം ബാധിക്കുകയും 3,100 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ മാത്രം ഇരുപതിനായിരത്തോളം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കുകിഴക്കൻ, മിഡ്‌വെസ്റ്റ്, ദക്ഷിണ മേഖലകളിലും രോഗവ്യാപനം കൂടുതലാണ്.

ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്ത Influenza A(H3N2) എന്ന വൈറസിന്റെ പുതിയ വകഭേദമാണ് (subclade K) നിലവിലെ വ്യാപനത്തിന് പ്രധാന കാരണം. ഇതിന് രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ളതിനാൽ അതിവേഗം പടരുന്നു. നിലവിലെ വാക്സിൻ പുതിയ വകഭേദത്തിനെതിരെ 30-40% വരെ മാത്രമേ ഫലപ്രദമാകാൻ സാധ്യതയുള്ളൂ എങ്കിലും, കടുത്ത രോഗാവസ്ഥയിൽ നിന്നും മരണത്തിൽ നിന്നും രക്ഷപെടാൻ വാക്സിൻ എടുക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
