കാൽഗറി : ജലവിതരണപൈപ്പ് പൊട്ടിയതിനെത്തുടർന്ന് വടക്കുപടിഞ്ഞാറൻ കാൽഗറി വീണ്ടും വെള്ളത്തിലായി. ചൊവ്വാഴ്ച രാത്രി പടിഞ്ഞാറൻ കാൽഗറിയിലെ ട്രാൻസ് കാനഡ ഹൈവേയിൽ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറി. സാർസി ട്രെയിലിലെ 16 അവന്യൂ നോർത്ത്‌വെസ്റ്റ്/ട്രാൻസ് കാനഡ ഹൈവേ ഇന്‍റർചേഞ്ചിന് സമീപം ബൗനെസ് കമ്മ്യൂണിറ്റിയിലാണ് സംഭവം. രാത്രി മുഴുവൻ, ബോ നദി മുറിച്ചുകടക്കുന്ന ട്രാൻസ് കാനഡയുടെ സാർസി ട്രെയിൽ മുതൽ ഹോം റോഡ് വരെയുള്ള ഭാഗം അടച്ചിരുന്നു. 2024 ലെ വേനൽക്കാലത്ത് നഗരത്തിലെ ജലവിതരണത്തെ തടസ്സപ്പെടുത്തിയ പ്രധാന ജലവിതരണ പൈപ്പ് പൊട്ടിയ സ്ഥലത്ത് നിന്ന് ഏതാനും ബ്ലോക്കുകൾ മാത്രം അകലെയായിരുന്നു ചൊവ്വാഴ്ച രാത്രിയിലെ സംഭവം.

2000 വീടുകളിലും നൂറിലധികം വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയതായി കാൽഗറി സിറ്റി അറിയിച്ചു. ഹൈവേ 1-ൽ ഏഴ് വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. 13 പേരെ വാഹനങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയതായി കാൽഗറി ഫയർ ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് ചെയ്തു. നിലവിൽ ആർക്കും പരുക്കേറ്റിട്ടില്ല.
