ഓട്ടവ : കാനഡയിലെ ഗ്രോസറി വിപണിയിൽ സുതാര്യതയും നീതിയും ഉറപ്പാക്കുന്ന പുതിയ പെരുമാറ്റച്ചട്ടം നാളെ മുതൽ പൂർണ്ണമായും പ്രാബല്യത്തിൽ. വൻകിട വ്യാപാരികൾ, വിതരണക്കാർ, മൊത്തക്കച്ചവടക്കാർ എന്നിവർക്കിടയിലുള്ള ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനാണ് ‘ഗ്രോസറി കോഡ് ഓഫ് കണ്ടക്ട്’ ലക്ഷ്യമിടുന്നത്. മുൻപ് വിതരണക്കാരിൽ നിന്ന് വൻകിട കമ്പനികൾ ഈടാക്കിയിരുന്ന അനാവശ്യ ഫീസുകളും പിഴകളും ഇതോടെ നിയന്ത്രിക്കപ്പെടും. ലോബ്ലാ, വാൾമാർട്ട്, കോസ്റ്റ്കോ ഉൾപ്പെടെ കാനഡയിലെ അഞ്ച് പ്രമുഖ ഗ്രോസറി ശൃംഖലകൾ ഈ ഉടമ്പടിയിൽ ഔദ്യോഗികമായി ഒപ്പുവെച്ചിട്ടുണ്ട്.

പുതുവർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ചട്ടപ്രകാരം വിതരണക്കാർക്കും വ്യാപാരികൾക്കും പരാതികൾ സമർപ്പിക്കാൻ പ്രത്യേക തർക്കപരിഹാര സംവിധാനമുണ്ടാകും. പലചരക്ക് സാധനങ്ങളുടെ വില നിയന്ത്രിക്കുക എന്നതല്ല ഈ കോഡിന്റെ പ്രാഥമിക ലക്ഷ്യമെങ്കിലും, വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ ഭാവിയിൽ സാധനങ്ങളുടെ വില കുറയാനും ഉപഭോക്താക്കൾക്ക് കൂടുതൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനും ഇത് സഹായിച്ചേക്കും. യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സമാന മാതൃക പിന്തുടർന്നാണ് കാനഡയും ഈ പുതിയ ചട്ടം നടപ്പിലാക്കുന്നത്.
