ടൊറന്റോ: കിഴക്കൻ ടൊറന്റോയിലെ ഒരു പാർക്കിൽ വെച്ച് കുട്ടികളെ സമീപിച്ച് അശ്ലീല സന്ദേശങ്ങൾ എഴുതിയ പേപ്പറുകൾ വിതരണം ചെയ്ത വ്യക്തിയെ പൊലീസ് അന്വേഷിക്കുന്നു. ഡിസംബർ 18-ന് വൈകുന്നേരം റിവർഡേൽ ഏരിയയിലെ വിത്രോ പാർക്കിലാണ് സംഭവം നടന്നത്. അപരിചിതനായ ഒരാൾ പാർക്കിലുണ്ടായിരുന്ന കുട്ടികളെ സമീപിക്കുകയും ലൈംഗിക ചുവയുള്ളതും അനുചിതവുമായ കാര്യങ്ങൾ എഴുതിയ കുറിപ്പുകൾ നൽകുകയുമായിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഡിസംബർ 21-ന് പോലീസ് പൊതുജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. നിലവിൽ ഈ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. 30-നും 40-നും ഇടയിൽ പ്രായം വരുന്ന പ്രതിക്ക് ചെറിയ തവിട്ടു നിറമുള്ള താടിയുണ്ട്. കറുത്ത ഹൂഡഡ് ജാക്കറ്റും കറുപ്പും ചാരനിറവും കലർന്ന ക്രോസ് ബോഡി ബാഗും ധരിച്ചിരുന്നു.

പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-5500 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സിലോ വിവരം അറിയിക്കണം. കൂടുതൽ കുട്ടികൾ ഇയാളുടെ ശല്യത്തിന് ഇരയായിട്ടുണ്ടാകാമെന്ന് പോലീസ് നിഗമനം. മാതാപിതാക്കൾ കുട്ടികളോട് സുരക്ഷാ കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്നും, അപരിചിതർ സമീപിക്കുകയോ അസ്വസ്ഥത തോന്നുകയോ ചെയ്താൽ ഉടൻ മുതിർന്നവരെ അറിയിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. പ്രദേശവാസികൾക്കിടയിൽ ഈ സംഭവം വലിയ ആശങ്കയുണ്ടാക്കി.
