ടൊറന്റോ: കാനഡയിൽ അതിശൈത്യം തുടരുമ്പോൾ തങ്ങളുടെ സംരക്ഷണയിലുള്ള മൂവായിരത്തോളം മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ടൊറന്റോ മൃഗശാല. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ള ജീവികൾ പോലും കാനഡയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്ന് മൃഗശാല അധികൃതർ അറിയിച്ചു. തണുപ്പിനെ പ്രതിരോധിക്കാൻ മൃഗങ്ങൾക്കായി പ്രത്യേക ചൂട് നൽകുന്ന ഹീറ്റ് സോണുകൾ തയ്യാറാക്കി. മൃഗങ്ങൾക്ക് ഇൻഡോ, ഔട്ട്‌ഡോർ സൗകര്യങ്ങൾ തിരഞ്ഞെടുക്കാം. ശൈത്യകാലത്ത് ശരീരത്തിന് കൂടുതൽ ഊർജ്ജം ആവശ്യമായതിനാൽ കുളമ്പുള്ള മൃഗങ്ങളുടെ ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തി.
ചൂടുള്ള രാജ്യങ്ങളിൽ നിന്ന് പുതുതായി എത്തിക്കുന്ന മൃഗങ്ങളെ കാനഡയിലെ കഠിനമായ തണുപ്പുമായി പൊരുത്തപ്പെടാൻ പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. ഹിമാലയൻ പ്രദേശങ്ങളിൽ നിന്നുള്ള റെഡ് പാണ്ടകൾ, മഞ്ഞുപ്പുലികൾ, ആർട്ടിക്കിൽ നിന്നുള്ള ധ്രുവക്കരടികൾ എന്നിവർക്ക് ഈ കാലാവസ്ഥയാണ് ഏറ്റവും പ്രിയപ്പെട്ടത്.

റെഡ് പാണ്ടകൾക്കായി 18 ഡിഗ്രി സെൽഷ്യസ് താപനില നിലനിർത്തുന്ന പുതിയ ആവാസവ്യവസ്ഥ മൃഗശാല ഒരുക്കുന്നുണ്ട്. അതേ സമയം ഗ്രിസ്‌ലി കരടികൾ താപനില കുറയുമ്പോൾ ദീർഘമായി ഉറങ്ങുന്നതിനാണ് താത്‌പര്യപ്പെടുന്നത്. അതിനാൽ സന്ദർശകർക്ക് ഇവയെ ശൈത്യകാലത്ത് കാണാൻ സാധിച്ചെന്നു വരില്ല. പല്ലികൾ, ഉഭയജീവികൾ, ചില മത്സ്യങ്ങൾ എന്നിവയെ വർഷം മുഴുവൻ കൃത്രിമമായി താപനില ക്രമീകരിച്ച പ്രത്യേക പവലിയനുകളിലാണ് സൂക്ഷിക്കുന്നത്. യൂറോപ്പിൽ നിന്നുള്ള ഹൈലാൻഡ് പശുക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ തണുപ്പിനെ പ്രതിരോധിക്കാൻ ഈ സമയത്ത് കട്ടിയുള്ള രോമക്കുപ്പായങ്ങൾ വളർത്താറുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
