ഓട്ടവ: വൻകൂവർ വിമാനത്താവളത്തിൽ പൈലറ്റ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തിൽ എയർ ഇന്ത്യയോട് അന്വേഷണം ആവശ്യപ്പെട്ട് കാനഡ. ഡിസംബർ 23-ന് വൻകൂവറിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന AI186 എയർ ഇന്ത്യ വിമാനത്തിലെ ക്യാപ്റ്റൻ സൗരഭ് കുമാറിനെതിരെയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് നടപടി സ്വീകരിച്ചത്.

പൈലറ്റ് മദ്യപിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ രണ്ട് ബ്രീത്ത് അനലൈസർ പരിശോധനകളിലും ഫലം പോസിറ്റീവ് ആയതോടെ ഇയാളെ വിമാനത്തിൽ നിന്ന് ഉടൻ നീക്കം ചെയ്തു. കനേഡിയൻ ഏവിയേഷൻ റെഗുലേഷൻസ് (CARs) പ്രകാരമുള്ള സുരക്ഷാ നിയമങ്ങളുടെയും എയർ ഇന്ത്യയുടെ ഫോറിൻ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് വ്യവസ്ഥകളുടെയും നഗ്നമായ ലംഘനമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ സ്വീകരിച്ച തിരുത്തൽ നടപടികളെക്കുറിച്ച് ജനുവരി 26-നകം വിശദീകരണം നൽകാൻ എയർ ഇന്ത്യയോട് കാനഡ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, എയർ ഇന്ത്യയുടെ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) കഴിഞ്ഞ ദിവസം പൈലറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ചട്ടങ്ങള്‍ ലംഘിക്കുന്നവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
