ഓട്ടവ : കാനഡയിൽ പുതുവർഷ വിപണികളിൽ വ്യാജ കറൻസികളുടെ വ്യാപനം വർധിക്കുന്നതായി റീട്ടെയിൽ കൗൺസിൽ ഓഫ് കാനഡയുടെ (RCC) മുന്നറിയിപ്പ്. 20, 50, 100 ഡോളർ നോട്ടുകളുടെ അത്യാധുനികമായ വ്യാജ പതിപ്പുകളാണ് വിപണിയിൽ ഇറങ്ങിയിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള ഹോളോഗ്രാമുകളും സുരക്ഷാ സംവിധാനങ്ങളും ഈ നോട്ടുകളിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ സാധാരണക്കാർക്കും വ്യാപാരികൾക്കും ഇവ തിരിച്ചറിയുക പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് അധികൃതർ പറയുന്നു. കാനഡയിൽ റീട്ടെയിൽ മേഖലയിൽ മാത്രം പ്രതിവർഷം 900 കോടി ഡോളറിന്റെ നഷ്ടം ഇത്തരം തട്ടിപ്പുകളിലൂടെ സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്.

വ്യാജ നോട്ടുകൾ തിരിച്ചറിയാൻ നോട്ടിലെ സുരക്ഷാ ഫീച്ചറുകൾ സൂക്ഷ്മമായി പരിശോധിക്കണമെന്ന് ബാങ്ക് ഓഫ് കാനഡ നിർദ്ദേശിക്കുന്നു. പോളിമർ നോട്ടുകളിലെ ട്രാൻസ്പാരന്റ് വിൻഡോ, അതിലെ ലോഹനിർമ്മിതമായ ചിത്രങ്ങൾ, നോട്ടിലെ ഉയർന്നു നിൽക്കുന്ന മഷി എന്നിവ പരിശോധിക്കുന്നത് ഗുണകരമാകും. അബദ്ധവശാൽ ഒരു വ്യാജ നോട്ട് സ്വീകരിച്ചാൽ പിന്നീട് അതിന് പകരമായി ബാങ്കിൽ നിന്ന് പണം ലഭിക്കില്ലെന്നും, അത് ഉപയോഗിക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. സംശയാസ്പദമായ നോട്ടുകൾ ലഭിച്ചാൽ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
