ഓട്ടവ : റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ ശക്തമാകുന്നതിനിടെ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അടുത്ത ആഴ്ച ഫ്രാൻസ് സന്ദർശിക്കും. പാരിസിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന Coalition of the willing യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുക്രെയ്ൻ സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തും. യുക്രെയ്നിന്റെ സുരക്ഷ ഉറപ്പ് നൽകുന്നതിനും റഷ്യയുടെ ഭാവി അധിനിവേശങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ള സമാധാന കരാറിനായി കാർണി സമ്മർദ്ദം ചെലുത്തും.

കഴിഞ്ഞ ആഴ്ച ഹാലിഫാക്സിൽ വെച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ കാർണി, 250 കോടി ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തിനിടെ റഷ്യ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയ യുക്രേനിയൻ കുട്ടികളെ തിരിച്ചെത്തിക്കുന്നതിനും രാജ്യത്തിന്റെ പുനർനിർമ്മാണത്തിനും കാനഡ മുൻകൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്നും റഷ്യയും സമാധാന കരാറിന് കൂടുതൽ അടുത്തെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
