റെജൈന : സസ്കാച്വാൻ തൊഴിൽ നിയമങ്ങളിലെ നിർണ്ണായകമായ മാറ്റങ്ങൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. ടിപ്പുകൾ ശേഖരിക്കുന്നവർക്കും രോഗാവധി എടുക്കുന്നവർക്കും വലിയ ആശ്വാസം നൽകുന്നതാണ് പുതിയ പരിഷ്കാരങ്ങൾ. ഇനി മുതൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ടിപ്പുകളിൽ നിന്ന് പണം പിടിക്കാനോ അത് തടഞ്ഞുവെക്കാനോ ഉടമകൾക്ക് അധികാരമുണ്ടാകില്ല. ഏതെങ്കിലും സ്ഥാപനം ടിപ്പുകൾ നൽകാതിരുന്നാൽ ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ് സ്റ്റാൻഡേർഡ്സിന് പരാതി നൽകാനും കുടിശ്ശിക ഈടാക്കാനും പുതിയ നിയമം അനുശാസിക്കുന്നു.

രോഗാവധി എടുക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും വലിയ മാറ്റങ്ങളുണ്ട്. അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ കൂടുതൽ തുടർച്ചയായി അവധി എടുത്താൽ മാത്രമേ ഇനി മുതൽ ഉടമകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ സാധിക്കൂ. കൂടാതെ, ദീർഘകാല രോഗാവധി 27 ആഴ്ചയായി വർധിപ്പിക്കുകയും ഗർഭം അലസി പോയി ശാരീരികാസ്വാസ്ഥ്യം നേരിടുന്നവർക്കും പ്രസവാവധിക്ക് അർഹത നൽകുകയും ചെയ്തിട്ടുണ്ട്. ഗാർഹിക പീഡനം നേരിടുന്നവർക്കായി 16 ആഴ്ചത്തെ ശമ്പളമില്ലാത്ത അവധി അനുവദിക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
