ബെയ്ജിങ്: ചൈനീസ് നാവികസേനയുടെ കരുത്ത് വർധിപ്പിച്ചുകൊണ്ട് ‘ലൗഡി’ എന്ന അത്യാധുനിക മിസൈൽ ഡിസ്ട്രോയർ കപ്പൽ ഔദ്യോഗികമായി കമ്മീഷൻ ചെയ്ത് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (PLA) നേവി. അത്യാധുനിക റഡാറുകളും ദീർഘദൂര മിസൈലുകളും സജ്ജീകരിച്ച ഈ പടക്കപ്പൽ, കടലിലെ ഏത് ഭീഷണിയെയും നേരിടാൻ ശേഷിയുള്ളതാണ്.
യുദ്ധക്കപ്പലുകളുടെ എണ്ണത്തിൽ ചൈന ഇപ്പോൾ അമേരിക്കയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ നാവികസേനയായി മാറിയിരിക്കുകയാണ്. യുഎസിന് 219 കപ്പലുകളുള്ളപ്പോൾ ചൈനയ്ക്ക് 234 കപ്പലുകളുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുപ്പത്തിയൊമ്പതോളം യുദ്ധക്കപ്പലുകളാണ് ചൈന നിർമ്മിച്ചത്. 2025-ൽ മാത്രം ‘ഫുജിയാൻ’ എന്ന കൂറ്റൻ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ 11 കപ്പലുകൾ അവർ കടലിലിറക്കി.

കരുത്ത് കൂട്ടുന്നതിനൊപ്പം പാക്കിസ്ഥാനെയും ചൈന സൈനികമായി സഹായിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എട്ട് അത്യാധുനിക അന്തർവാഹിനികൾ ചൈന പാക്കിസ്ഥാന് നൽകും. അതിൽ നാലാമത്തേതായ ‘ഗാസി’ കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. സമുദ്ര മേഖലയിൽ സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ ഈ ദ്രുതഗതിയിലുള്ള നീക്കങ്ങൾ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
