Friday, January 2, 2026

ജാഗ്രതൈ! ബി സി വിസ്‌ലറിൽ പാർക്കിങ് ഫീസിന്റെ മറവിൽ ക്യു.ആർ കോഡ് തട്ടിപ്പ്

വൻകൂവർ: ബ്രിട്ടിഷ് കൊളമ്പിയ വിസ്‌ലറിൽ പാർക്കിങ് ഫീസ് അടയ്ക്കാനുള്ള നിർദ്ദേശങ്ങൾ എന്ന വ്യാജേന ക്യു.ആർ കോഡുകൾ പതിപ്പിച്ച് തട്ടിപ്പിന് ശ്രമം. സംഭവത്തെത്തുടർന്ന് റിസോർട്ട് മുനിസിപ്പാലിറ്റി ഓഫ് വിസ്‌ലർ (RMOW) പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വ്യാജ കോഡുകൾ സ്കാൻ ചെയ്തവർ ക്രെഡിറ്റ് കാർഡ് തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഫോൺ വഴി പണമടയ്ക്കാനുള്ള (Pay-by-phone) ഔദ്യോഗിക സംവിധാനത്തിന് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ സ്റ്റിക്കറുകൾ തയ്യാറാക്കിയിരുന്നത്. വിസ്‌ലർ ഡേ ലോട്ട് ഒന്നു മുതൽ അഞ്ചു വരെയുള്ള പാർക്കിങ് ടെർമിനലുകളിലും, മെയിൻ സ്ട്രീറ്റ്, ലോറിമർ റോഡ് എന്നിവിടങ്ങളിലെ സൈൻ ബോർഡുകളിലുമാണ് ഇവ കണ്ടെത്തിയത്. പാർക്കിങ് കരാറുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഡിസംബർ 27-ന് ഇത്തരത്തിലുള്ള 24 സ്റ്റിക്കറുകൾ കണ്ടെത്തി നീക്കം ചെയ്തു.

തട്ടിപ്പ് സ്റ്റിക്കറുകൾ പതിച്ച് ഏകദേശം 12 മണിക്കൂറിനുള്ളിൽ തന്നെ അവ കണ്ടെത്താനായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ലെങ്കിലും, ഈ സമയപരിധിക്കുള്ളിൽ സ്റ്റിക്കറുകൾ സ്കാൻ ചെയ്തവർ ഉടൻ തന്നെ ക്രെഡിറ്റ് കാർഡ് കമ്പനിയുമായി ബന്ധപ്പെടണമെന്ന് RMOW വക്താവ് പെനി ബുസ്വെൽ ലാഫ്രാൻസ് ആവശ്യപ്പെട്ടു. വിസ്‌ലറിലെ മുനിസിപ്പൽ പാർക്കിങ് കേന്ദ്രങ്ങളിൽ പണമടയ്ക്കാൻ ക്യു.ആർ കോഡ് സംവിധാനം നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കി.

സ്റ്റിക്കർ രൂപത്തിലുള്ള ക്യു.ആർ കോഡുകളെ ജാഗ്രതയോടെ സമീപിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ ക്ലോഡിയു പോപ്പ നിർദ്ദേശിച്ചു. ഔദ്യോഗിക ബോർഡുകളിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന നിലയിൽ കാണുന്ന ക്യു.ആർ കോഡുകൾ അവഗണിക്കുന്നതാണ് ഉചിതം. വളരെ കുറഞ്ഞ ചിലവിൽ ഇത്തരം സ്റ്റിക്കറുകൾ നിർമ്മിക്കാമെന്നതിനാൽ ഇത്തരം തട്ടിപ്പുകൾ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!