ഹാലിഫാക്സ് : നോവസ്കോഷയിലെ കംബർലാൻഡ് കൗണ്ടിയിൽ പൊതുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ടാക്സികളെയും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടി വരുന്ന സ്വകാര്യ ട്രാൻസ്പോർട്ട് സർവീസുകളെയും ആശ്രയിക്കുന്നത് പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വലിയ സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായാണ് പരാതി. ഈ സാഹചര്യത്തിൽ ആംഹെർസ്റ്റ് നഗരത്തിൽ ബസ് സർവീസ് തുടങ്ങുന്നതിന്റെ സാധ്യതകളെക്കുറിച്ച് മുൻസിപ്പാലിറ്റി പഠനം നടത്തിവരികയാണ്. ഇതിന്റെ അന്തിമ റിപ്പോർട്ട് ഈ ജനുവരിയിൽ പുറത്തുവരും.

ആദ്യഘട്ടത്തിൽ ആംഹെർസ്റ്റ് നഗരത്തിനുള്ളിൽ ബസ് സർവീസ് നടപ്പിലാക്കാനാണ് മുൻസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. നഗരത്തിലെ പ്രധാന മാളുകൾ, ആശുപത്രികൾ, ഡൗൺടൗൺ പ്രദേശം എന്നിവിടങ്ങളിലേക്ക് ബസ് സൗകര്യം വേണമെന്നാണ് ഭൂരിഭാഗം താമസക്കാരുടെയും ആവശ്യം. നഗരത്തിന് പുറത്തുള്ള പുഗ്വാഷ്, ഓക്സ്ഫോർഡ് തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലേക്കും ഭാവിയിൽ ഈ സേവനം വ്യാപിപ്പിക്കാൻ മുൻസിപ്പാലിറ്റിക്ക് പദ്ധതിയുണ്ട്. ചെലവ് കുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഒരു ഗതാഗത സംവിധാനം മലയോര ഗ്രാമങ്ങളിലെ ജനങ്ങളുടെ സാമൂഹിക ഇടപെടലുകൾക്കും നിത്യജീവിതത്തിനും അത്യാവശ്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
