ഓട്ടവ:പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ നിലവിൽ കനേഡിയൻ പൗരന്മാരില്ലെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ റിപ്പോർട്ട് ചെയ്‌തു. ദുരന്തത്തിൽ കനേഡിയൻ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സഹായം നൽകാൻ കോൺസുലാർ ഉദ്യോഗസ്ഥർ തയ്യാറാണെന്നും, സ്വിസ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു.

ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കീ റിസോർട്ടിലെ ബാറിൽ വ്യാഴാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്. സംഭവത്തിൽ 40 പേർ കൊല്ലപ്പെട്ടെന്ന് രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു. 115 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
