ഓട്ടവ : 2026-ൽ രാജ്യം വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കൺസർവേറ്റീവ് എംപി ടെഡ് ഫോക്ക്. ന്യൂനപക്ഷ ഭരണകൂടം എന്ന നിലയിൽ സഭയിൽ ബജറ്റും മറ്റ് ബില്ലുകളും പാസാക്കിയെടുക്കാൻ ലിബറൽ പാർട്ടിക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഫാൽക്കിന്റെ പരാമർശം. സംഭവബഹുലമായ രാഷ്ട്രീയ മാറ്റങ്ങൾ കണ്ട ഒരു വർഷത്തിലൂടെയാണ് കനേഡിയൻ ജനത കടന്നുപോയതെന്ന് ഫോക്ക് പറയുന്നു. ജസ്റ്റിൻ ട്രൂഡോയുടെ രാജിക്ക് പിന്നാലെ മാർക്ക് കാർണി പ്രധാനമന്ത്രിയായി അധികാരമേറ്റു. എന്നാൽ, കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സാമ്പത്തിക രംഗത്തും വിദേശനയങ്ങളിലും വലിയ പരാജയമാണെന്നും ടെഡ് ഫോക്ക് ആരോപിച്ചു.

“ട്രൂഡോയുടെ കാലത്തേക്കാൾ വലിയ സാമ്പത്തിക കടത്തിലേക്കും ($1.3 ട്രില്യൺ) കനത്ത കമ്മിയിലേക്കുമാണ് കാർണി രാജ്യത്തെ നയിക്കുന്നത്. കൂടാതെ, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള വ്യാപാര ചർച്ചകളിൽ അനുകൂലമായ കരാറുകൾ ഉണ്ടാക്കാൻ കാർണിക്ക് കഴിഞ്ഞിട്ടില്ല. ഉപഭോക്തൃ കാർബൺ ടാക്സ് ഒഴിവാക്കിയെങ്കിലും വ്യവസായ മേഖലയിലെ നികുതികൾ തുടരുന്നത് വിലക്കയറ്റം രൂക്ഷമാക്കുന്നുണ്ട്. തങ്ങൾ അധികാരത്തിലെത്തിയാൽ ഈ പ്രശ്നങ്ങൾക്കെല്ലാം വ്യക്തമായ പരിഹാരമുണ്ടാക്കും” – ടെഡ് ഫോക്ക് വ്യക്തമാക്കി.

രാജ്യത്തെ ക്രമസമാധാന നിലയും കുടിയേറ്റ നയങ്ങളുമാണ് വരും വർഷങ്ങളിൽ പ്രധാന ചർച്ചാവിഷയമാകുകയെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന രീതിയിലുള്ള ലിബറൽ നയങ്ങൾക്കു പകരം ‘ജയിൽ, നോട്ട് ബെയ്ൽ’ എന്ന കർശന നയം കൺസർവേറ്റീവുകൾ നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രതിവർഷം 10 ലക്ഷം കുടിയേറ്റക്കാരെ അനുവദിക്കുന്ന സർക്കാർ നയം പാർപ്പിട ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ, ജനഹിതം പരിശോധിക്കാൻ ഒരു പുതിയ തിരഞ്ഞെടുപ്പ് അത്യാവശ്യമാണെന്ന നിലപാടാണ് കൺസർവേറ്റീവ് പ്രതിപക്ഷം സ്വീകരിക്കുന്നത്.
