ഓട്ടവ: പ്രമുഖ മീൽ-കിറ്റ് കമ്പനി ഗുഡ് ഫുഡിന്റെ (GoodFood) ലൈസൻസ് റദ്ദാക്കി കാനഡ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). ചട്ടങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് ഡിസംബർ 30-ന് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയത്. ഇതോടെ വിവിധ പ്രവിശ്യകളിലേക്ക് ഭക്ഷണം എത്തിക്കാനുള്ള കമ്പനിയുടെ നിയമപരമായ അനുമതി താൽക്കാലികമായി നിർത്തിവച്ചു.
ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും, ലൈസൻസുമായി ബന്ധപ്പെട്ട ചില സാങ്കേതിക നടപടിക്രമങ്ങളിലെ വീഴ്ചകൾ മാത്രമാണ് ഇതിന് പിന്നിലെന്നും കമ്പനി അറിയിച്ചു. മൺട്രിയോൾ ആസ്ഥാനമായുള്ള കേന്ദ്രത്തെയാണ് ഇത് ബാധിച്ചിരിക്കുന്നത്. എന്നാൽ തങ്ങളുടെ കാൽഗറി പ്ലാന്റ് വഴി വിതരണം തുടരുമെന്നും ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും ഗുഡ്ഫുഡ് വ്യക്തമാക്കി.

ചൂണ്ടിക്കാണിക്കപ്പെട്ട പിഴവുകൾ വരും ദിവസങ്ങളിൽ തന്നെ തിരുത്തി ലൈസൻസ് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതർ. എന്നാൽ 90 ദിവസത്തിനുള്ളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ലൈസൻസ് പൂർണ്ണമായും റദ്ദാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ വിതരണം ചെയ്ത ഭക്ഷണങ്ങൾ ഒന്നും തിരിച്ചുവിളിക്കേണ്ട സാഹചര്യമില്ല.
