മൺട്രിയോൾ : പുതുവർഷത്തിൽ മൺട്രിയോൾ തുറമുഖത്തെത്തുന്ന ആദ്യ കപ്പലായി ചരിത്രം കുറിച്ച് ‘ബൈസാന്റിയൻ’. മാർഷൽ ഐലൻഡ്സിന്റെ പതാക വഹിച്ചെത്തിയ 182 മീറ്റർ നീളമുള്ള ഈ ഓയിൽ ടാങ്കറിന്റെ ക്യാപ്റ്റന്, ആദരസൂചകമായി ഗോൾഡ് ഹെഡ്ഡഡ് കെയ്ൻ (സ്വർണ്ണത്തലയുള്ള ചൂരൽ) തുറമുഖ അധികൃതർ സമ്മാനിക്കും. 1840 മുതൽ മൺട്രിയോൾ തുറമുഖം പിന്തുടരുന്ന ഈ പാരമ്പര്യം, സെന്റ് ലോറൻസ് നദിയിലെ മഞ്ഞുപാളികളെ ഭേദിച്ച് ആദ്യമെത്തുന്ന കപ്പലിനോടുള്ള നഗരത്തിന്റെ ബഹുമാനമാണ് സൂചിപ്പിക്കുന്നത്.

പണ്ട് കാലങ്ങളിൽ മഞ്ഞുകാലത്ത് നദിയിൽ മഞ്ഞ് കട്ട പിടിക്കുമ്പോൾ കപ്പൽ ഗതാഗതം പൂർണ്ണമായും നിലച്ചിരുന്നു. അക്കാലത്ത് ഭക്ഷണവും വസ്ത്രങ്ങളുമായി മഞ്ഞുകാലത്തിന് ശേഷം എത്തുന്ന ആദ്യ കപ്പലിനെ വരവേൽക്കാൻ ജനങ്ങൾ തുറമുഖത്ത് തടിച്ചുകൂടുമായിരുന്നു. ഇതിന്റെ ഓർമ്മ പുതുക്കുന്നതാണ് ഇപ്പോഴത്തെ ഈ ചടങ്ങും പുരസ്കാരവും. 1964 മുതൽ മൺട്രിയോളിൽ വർഷം മുഴുവൻ കപ്പൽ ഗതാഗതം സജീവമാണെങ്കിലും, ഇന്നും ഈ പഴയകാല ആചാരം തുറമുഖ അധികൃതർ പ്രൗഢിയോടെ കാത്തുസൂക്ഷിക്കുന്നു.
