ഹാലിഫാക്സ്: നഗരത്തിലെ ജലനികുതി വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ കെട്ടിട ഉടമകൾ രംഗത്ത്. നികുതിയിൽ 17.6 % വർധന വരുത്താനാണ് അധികൃതരുടെ തീരുമാനം. നേരത്തെ ഇത് 35 ശതമാനത്തിലധികം വർധിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും വ്യാപക പ്രതിഷേധത്തെത്തുടർന്ന് കുറയ്ക്കുകയായിരുന്നു. എന്നാൽ ഈ കുറവ് കൊണ്ട് മാത്രം കാര്യമില്ലെന്നും പുതിയ നിരക്ക് ഇപ്പോഴും സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അധികമാണെന്നും കെട്ടിട ഉടമകൾ ചൂണ്ടിക്കാട്ടി.
ജലനികുതിയിലുണ്ടാകുന്ന ഈ വലിയ വർധന ഹാലിഫാക്സിലെ 40 ശതമാനത്തോളം വരുന്ന വാടകക്കാരെ നേരിട്ട് ബാധിക്കും. പണപ്പെരുപ്പ നിരക്കിനേക്കാൾ ആറിരട്ടി കൂടുതലാണ് ഇപ്പോഴത്തെ നികുതി വർധന. പെട്ടെന്ന് വലിയൊരു തുക കൂട്ടുന്നതിന് പകരം, ഓരോ വർഷവും 5 ശതമാനം വീതം ഘട്ടംഘട്ടമായി വർധിപ്പിക്കുന്ന രീതി നടപ്പിലാക്കണമെന്നാണ് കെട്ടിട ഉടമകളുടെ സംഘടന റെന്റൽ ഹൗസിംഗ് പ്രൊവൈഡേഴ്സിന്റെ ആവശ്യം.

ജലനികുതിക്ക് പുറമെ വൈദ്യുതി നിരക്കും പ്രോപ്പർട്ടി ടാക്സും വർധിക്കുന്നത് വാടകക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്ന് സംഘടന അറിയിച്ചു. കെട്ടിട ഉടമകളുടെ ചിലവ് കൂടുമ്പോൾ അതിന്റെ ഭാരം സ്വാഭാവികമായും വാടകക്കാരിലേക്ക് എത്തും. ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇത്തരം വലിയ നികുതി വർധനകൾ ഒഴിവാക്കി ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നാണ് കെട്ടിട ഉടമകളുടെ പ്രധാന ആവശ്യം.
