ഹാലിഫാക്സ്: നോവസ്കോഷയുടെ സമുദ്രതീരത്ത് വമ്പൻ കാറ്റാടി നിലയങ്ങൾ സ്ഥാപിക്കാനുള്ള ‘വിൻഡ് വെസ്റ്റ്’ പദ്ധതിക്ക് തുടക്കം. സമുദ്രത്തിലെ നാല് പ്രത്യേക ഇടങ്ങളിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അവിടെ പഠനം നടത്താനുള്ള ഒരുക്കത്തിലാണ് സർക്കാർ. കടൽ ജീവികളെയും സമുദ്രത്തിന്റെ അടിത്തട്ടിനെയും കുറിച്ച് കൃത്യമായി മനസ്സിലാക്കി പദ്ധതി വേഗത്തിൽ നടപ്പിലാക്കാനാണ് ഈ നീക്കം.
ഏകദേശം 600 കോടി ഡോളർ ചെലവ് വരുന്ന ഈ പദ്ധതിയിലൂടെ 2030-ഓടെ വൻതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഓഫ്‌ഷോർ എനർജി റെഗുലേറ്റർ വ്യക്തമാക്കി. പദ്ധതി പൂർണ്ണമായി വിജയിച്ചാൽ കാനഡയ്ക്ക് ആവശ്യമായ ആകെ വൈദ്യുതിയുടെ നാലിലൊന്ന് ഇവിടെ നിന്ന് ലഭിക്കും. കെയ്പ് ബ്രെറ്റൺ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിദേശ വിപണികളിലേക്ക് എത്തിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

പദ്ധതിയുടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നീങ്ങാനായുള്ള കരാറുകൾ ഫെബ്രുവരിയിൽ തന്നെ നൽകും. ഈ പദ്ധതി വരുന്നതോടെ മത്സ്യത്തൊഴിലാളികൾക്കും സാധാരണക്കാർക്കും പുതിയ തൊഴിൽ അവസരങ്ങളും കുറഞ്ഞ ചിലവിൽ ഊർജ്ജവും ലഭ്യമാകും. ഫെഡറൽ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ഈ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു.
