വിനിപെഗ്: മാനിറ്റോബയിലെ Pimicikamak Cree Nation സമൂഹത്തെ കഴിഞ്ഞ ഞായറാഴ്ച മുതൽ ഇരുട്ടിലാക്കിയ വൈദ്യുതി തടസ്സത്തിന് ഒടുവിൽ പരിഹാരം. അഞ്ച് ദിവസത്തോളം നീണ്ടുനിന്ന കഠിനമായ കാത്തിരിപ്പിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് വൈദ്യുതി ബന്ധം പൂർണ്ണമായും പുനഃസ്ഥാപിച്ചത്.
നെൽസൺ നദിക്ക് കുറുകെയുള്ള പ്രധാന വൈദ്യുതി ലൈനിലുണ്ടായ തകരാറാണ് ഈ വലിയ പ്രതിസന്ധിക്ക് കാരണമായത്. ഈ സ്ഥലം എത്തിപ്പെടാൻ പ്രയാസമുള്ള മേഖലയായതിനാൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചായിരുന്നു അറ്റകുറ്റപ്പണികൾ നടത്തിയത്.

പെട്ടെന്ന് വൈദ്യുതി നൽകുമ്പോൾ സിസ്റ്റത്തിന് അമിതഭാരം (Overload) ഉണ്ടാവാതിരിക്കാൻ വ്യാഴാഴ്ച മുതൽ ഘട്ടം ഘട്ടമായാണ് വിതരണം പുനഃസ്ഥാപിച്ചത്. പുതുവത്സര അവധിക്കാലം പോലും മാറ്റിവെച്ച് ജോലി ചെയ്ത ജീവനക്കാരെ മാനിറ്റോബ ഹൈഡ്രോ സിഇഒ ഹാൽ ടർണർ അഭിനന്ദിച്ചു. കനത്ത തണുപ്പിൽ വൈദ്യുതിയില്ലാതെ വലഞ്ഞ ജനങ്ങൾക്ക് ഇതോടെ വലിയൊരു ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
