ടൊറന്റോ: പുതുവർഷത്തിൽ കാനഡയിലുടനീളമുള്ള ആയിരക്കണക്കിന് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മുട്ടൻ പണി.റിമോട്ട് വർക്ക് ഓപ്ഷൻ അവസാനിപ്പിക്കുകയാണെന്നും ഓഫീസുകളിലേക്ക് മുഴുവൻ സമയവും തിരികെ വരേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ജനുവരി 5 മുതൽ, ഒന്റാരിയോ പ്രവിശ്യാ സർക്കാർ ജീവനക്കാർ ആഴ്ചയിൽ അഞ്ച് ദിവസം ഓഫീസിൽ ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരിയിൽ ആൽബർട്ടയിലെ പൊതുസേവനവും ഇതേ മാതൃക പിന്തുരുമെന്ന് പ്രവിശ്യാ സർക്കാർ വക്താവ് പറഞ്ഞു.അതേസമയം, ബാക്ക്-ടു-ഓഫീസ് നയത്തെക്കുറിച്ച് പൊതുമേഖലാ യൂണിയനുകളുമായി തന്റെ സർക്കാർ ചർച്ച നടത്തുമെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.

ബിഎംഒ, സ്കോഷബാങ്ക്, ആർബിസി എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ ഇതിനകം തന്നെ അവരുടെ ജീവനക്കാരോട് ആഴ്ചയിൽ നാല് ദിവസം ഓഫീസിലെത്തണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മറ്റ് സ്വകാര്യ മേഖലയിലെ കമ്പനികളും അവരുടെ നയങ്ങളിൽ മാറ്റങ്ങൾ വരുത്തുകയാണ്. ആമസോൺ, ജനുവരി 2 മുതൽ തങ്ങളുടെ കോർപ്പറേറ്റ് ജീവനക്കാരോട് ആഴ്ചയിൽ അഞ്ച് ദിവസം ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ബാക്ക്-ടു-ഓഫീസ് നയത്തിനെതിരെ പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ, ഒപിഎസ്ഇയു എന്നിവയുൾപ്പെടെയുള്ള പ്രധാന യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
