മൺട്രിയോൾ: ക്രിസ്മസ് ദിനത്തിൽ കെബെക്ക് അതിർത്തി വഴി കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ഹെയ്തിയൻ അഭയാർത്ഥികളെ നാടുകടത്തിയതായി റിപ്പോർട്ട്. ഇവരുടെ അഭയാർത്ഥി അപേക്ഷകൾ പരിശോധിച്ച കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) നിയമപരമായി രാജ്യത്ത് തുടരാൻ അനുമതിയില്ലാത്തവരെ തിരികെ അമേരിക്കയിലേക്ക് തന്നെ അയക്കുകയായിരുന്നു. എന്നാൽ 19 പേരടങ്ങുന്ന സംഘത്തിൽ എത്ര പേരെയാണ് നാടുകടത്തിയതെന്ന് ഏജൻസി വെളിപ്പെടുത്തിയിട്ടില്ല.
കാനഡയും അമേരിക്കയും തമ്മിലുള്ള സേഫ് തേർഡ് കൺട്രി കരാർ പ്രകാരമാണ് ഈ നടപടി. ഇത് അനുസരിച്ച് അഭയം തേടുന്നവർ ആദ്യം എത്തുന്ന സുരക്ഷിത രാജ്യത്ത് വേണം അപേക്ഷ നൽകാൻ. അമേരിക്കയിൽ എത്തിയ ശേഷം അതിർത്തി കടന്ന് കാനഡയിൽ അഭയം തേടുന്നത് നിയമവിരുദ്ധമാണ്.

ഡിസംബർ 25-ന് വൈകുന്നേരം ന്യൂയോർക്ക് അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള ഹാവ്ലോക്ക് എന്ന സ്ഥലത്ത് വെച്ചാണ് ഇവരെ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) പിടികൂടിയത്. ഒരു വയസ്സുള്ള കുട്ടി മുതൽ 60 വയസ്സായവർ വരെ ഈ സംഘത്തിലുണ്ടായിരുന്നു. കൊടും തണുപ്പിനിടയിലും മെച്ചപ്പെട്ട ജീവിതം തേടിയെത്തിയ ഇവരുടെ അഭയാർത്ഥി സ്വപ്നങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു ഈ നിയമനടപടികൾ.
