സോഷ്യൽ മീഡിയാ താരങ്ങൾക്ക് മുൻതൂക്കം നൽകി 2024-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘വാഴ’യുടെ രണ്ടാം ഭാഗമായ “വാഴ II – ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്” ചിത്രീകരണം പൂർത്തിയാക്കി റിലീസിന് ഒരുങ്ങുന്നു. ഇൻസ്റ്റഗ്രാമിലൂടെയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായ ഹാഷിർ, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളോടൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു. നവാഗതനായ സവിൻ എസ്എ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു കഴിഞ്ഞു. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വരാനിരിക്കുന്ന വേനലവധിക്ക് (ഏപ്രിൽ മാസത്തോടെ) ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. 115 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ നവംബറിലാണ് പൂർത്തിയായത്. കേരളത്തിന് പുറമെ ദുബായ്, ജോർജിയ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.
