ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മറ്റന്നാള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ തെളിവ് തേടി എസ്‌ഐടി. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ നിന്ന് അന്വേഷണസംഘത്തിന് വഴിത്തിരിവായ വിവരങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണം വീണ്ടെടുക്കുകയാണ് എസ്‌ഐടിയുടെ പ്രാഥമിക ലക്ഷ്യം. ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്ന് പിടിച്ചെടുത്ത 800 ഗ്രാം സ്വര്‍ണം ശബരിമലയില്‍ നിന്ന് കടത്തിയതിന് തത്തുല്യമാണെന്ന് അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണ്ണവുമായി താരതമ്യം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വരാനിരിക്കുകയാണ്. ഇത് കേസിലെ ഏറ്റവും വലിയ തെളിവായി മാറും.

ശബരിമലയിലെ ചെമ്പ് പാളികളില്‍ നിന്ന് രാസലായനി ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോള്‍ പഴയ പാളികള്‍ നശിച്ചതായാണ് സംശയം. പകരം അതേ അളവിലുള്ള പുതിയ ചെമ്പ് പാളികള്‍ നിര്‍മ്മിച്ച് സ്വര്‍ണം പൂശി ശബരിമലയില്‍ പുനഃസ്ഥാപിച്ചു എന്ന ഗുരുതരമായ നിഗമനത്തിലാണ് എസ്‌ഐടി. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭ്യമാകുന്നതോടെ തട്ടിപ്പിന്റെ കൃത്യമായ വ്യാപ്തി പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളും കോടതിയെ അറിയിക്കും. പ്രശാന്തിനെ വൈകാതെ വീണ്ടും വിളിച്ചു വരുത്താനും തീരുമാനമായിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇവരുടെ ബന്ധം, ഭരണപരമായ തീരുമാനങ്ങളിലെ പാളിച്ചകള്‍ എന്നിവയാണ് പ്രധാനമായും അന്വേഷിക്കുന്നത്.
