കാൽഗറി : നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പിൽ രണ്ടാമതും തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആൽബർട്ടയിൽ പ്രീമിയർ ഡാനിയേൽ സ്മിത്തും പ്രതിപക്ഷ നേതാവ് നഹീദ് നെൻഷിയും തമ്മിൽ രൂക്ഷമായ രാഷ്ട്രീയ തർക്കം. രണ്ട് വർഷത്തിനിടെ ഒരേ പൈപ്പിൽ രണ്ടാമതും വിള്ളലുണ്ടായത് സിറ്റിയുടെ മേൽനോട്ടത്തിലുള്ള പരാജയമാണെന്നും, നഗരത്തിലെ ജലസംവിധാനത്തിന്റെ നിയന്ത്രണം പ്രവിശ്യാ സർക്കാർ ഏറ്റെടുക്കേണ്ടി വരുമെന്നും പ്രീമിയർ സ്മിത്ത് മുന്നറിയിപ്പ് നൽകി. 2010 മുതൽ 2021 വരെ കാൽഗറി മേയറായിരുന്ന നെൻഷിയാണ് നിലവിലെ പ്രതിസന്ധിക്ക് ഉത്തരവാദിയെന്നും, 2013-ലെ പ്രളയത്തിന് ശേഷം പൈപ്പ് ലൈനുകൾ കൃത്യമായി പരിശോധിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും സ്മിത്ത് കുറ്റപ്പെടുത്തി.

എന്നാൽ ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് നഹീദ് നെൻഷി തിരിച്ചടിച്ചു. തന്റെ ഭരണകാലത്ത് ഇത്തരത്തിൽ പൈപ്പ് പൊട്ടുന്ന സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും, ഒരു അടിയന്തിര സാഹചര്യത്തിൽ പരിഹാരം കാണുന്നതിന് പകരം രാഷ്ട്രീയം കളിക്കാനാണ് സ്മിത്ത് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ കാൽഗറി മേയർ ജെറോമി ഫാർക്കസ്സംഭവത്തിൽ സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 13-ന് ഈ റിപ്പോർട്ട് കൗൺസിലിന് മുന്നിൽ സമർപ്പിക്കും. റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരം പ്രവിശ്യാ സർക്കാർ കാൽഗറി സിറ്റിയുടെ ജലവിതരണ കാര്യങ്ങളിൽ ഇടപെട്ടേക്കുമെന്നാണ് സൂചന.
