എഡ്മിന്റൻ : ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിക്കെതിരെ (UCP) പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി പ്രോഗ്രസീവ് ടോറി പാർട്ടി രംഗത്ത്. ഒക്ടോബർ 2027-ലാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും, തങ്ങളുടെ സ്വാധീനം വർധിക്കുന്നതിന് മുൻപ് സ്മിത്ത് ഈ വസന്തകാലത്ത് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് ടോറി പാർട്ടി ലീഡർ പീറ്റർ ഗുത്രി ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ യുസിപിക്കും എൻഡിപിക്കും ഇടയിൽ തങ്ങളുടേതായ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗുത്രിയുടെ നേതൃത്വത്തിലുള്ള പുതിയ പാർട്ടി.

അതേസമയം, നേരത്തെയുള്ള തിരഞ്ഞെടുപ്പ് എന്ന സാധ്യത തള്ളിക്കളഞ്ഞ് ഡാനിയേൽ സ്മിത്ത് രംഗത്തെത്തി. നാല് വർഷത്തെ ഭരണകാലാവധി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ പോലും യുസിപി മികച്ച വിജയം നേടുമെന്നും സ്മിത്ത് അവകാശപ്പെട്ടു. എന്നാൽ സർക്കാരിന് വ്യക്തമായ തന്ത്രങ്ങളില്ലെന്നും ഓരോ ദിവസവും നിലപാടുകൾ മാറ്റുകയാണെന്നും പ്രതിപക്ഷ നേതാവ് നഹീദ് നെൻഷി പരിഹസിച്ചു. പാർട്ടിയുടെ പേരിനെച്ചൊല്ലിയുള്ള നിയമതർക്കങ്ങളും പുതിയ രാഷ്ട്രീയ നിയമങ്ങളും മറികടന്ന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് പീറ്റർ ഗുത്രിയും കൂട്ടരും.
