ടെഹ്റാന്‍: ഇറാനില്‍ പണപ്പെരുപ്പത്തിനും കറന്‍സി മൂല്യത്തകര്‍ച്ചയ്ക്കുമെതിരെ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമാകുന്നു. വിവിധ നഗരങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളില്‍ ഇതുവരെ പത്തുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭം അന്‍പതോളം നഗരങ്ങളിലേക്ക് വ്യാപിച്ചതോടെ രാജ്യം വലിയ സുരക്ഷാ വെല്ലുവിളിയാണ് നേരിടുന്നത്.
അന്‍പത് നഗരങ്ങളിലേക്ക് വ്യാപിച്ച പ്രക്ഷോഭത്തില്‍ മരണം പത്തായി.
അതിനിടെ പ്രതിഷേധക്കാരെ പിന്തുണച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍ രംഗത്തെത്തി. ട്രംപിന്റെ പരാമര്‍ശം അപകടകരമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി പറഞ്ഞു. ഇറാഖ് , അഫ്ഗാനിസ്ഥാന്‍ , ഗസ്സ എന്നിവിടങ്ങളിലെ അമേരിക്കന്‍ രക്ഷാദൗത്യത്തെ കുറിച്ച് അറിയാമെന്നും ഇറാന്‍ പരിഹസിച്ചു.

പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള ഇറാന്‍ സുരക്ഷാസേനയുടെ കര്‍ശന നടപടികളെ ഐക്യരാഷ്ട്രസഭ അപലപിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ മാനിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. അതിനിടെ, ഇറാനില്‍ സമാധാനപരമായ അധികാര കൈമാറ്റം നടക്കണമെന്ന് പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ജാഫര്‍ പനാഹിയും ആവശ്യപ്പെട്ടു.
അസ്‌ന, ലോര്‍ഡെഗാന്‍ തുടങ്ങിയ നഗരങ്ങളില്‍ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ കടുത്ത ഏറ്റുമുട്ടല്‍ നടന്നു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചിലയിടങ്ങളില്‍ തീയിടുകയും ചെയ്തു. പലയിടങ്ങളിലും ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 2022-ലെ മഹ്‌സ അമിനി പ്രതിഷേധത്തിന് ശേഷം ഇറാന്‍ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രക്ഷോഭമാണിത്.
