ഓട്ടവ: വെനസ്വേലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഫെഡറൽ സർക്കാർ. അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, രാഷ്ട്രീയ അസ്ഥിരത, വിദേശികളെ തടങ്കലിൽ വെയ്ക്കാനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള എല്ലാ യാത്രകളും കനേഡിയൻ പൗരന്മാർ ഒഴിവാക്കണമെന്ന് അധികൃതർ പറയുന്നു. 2019 മുതൽ വെനസ്വേലയിലെ കനേഡിയൻ എംബസി അടഞ്ഞുകിടക്കുന്നതിനാൽ, അവിടെയുള്ള കനേഡിയൻ പൗരന്മാർക്ക് നേരിട്ടുള്ള നയതന്ത്ര സഹായം നൽകുന്നതിന് പരിമിതികളുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. നിരവധി വിമാനക്കമ്പനികൾ വെനസ്വേലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും നിർത്തിവച്ചതായി സർക്കാർ അറിയിച്ചു.

കാരാക്കസിലെ പ്രധാന വിമാനത്താവളമായ സൈമൺ ബൊളീവർ ഇൻ്റർനാഷണൽ എയർപോർട്ട് പരിസരത്ത് തട്ടിക്കൊണ്ടുപോകലും സായുധ കവർച്ചയും പതിവാണെന്നും വിദേശികൾ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കൊളംബിയ, ബ്രസീൽ, ഗയാന അതിർത്തി പ്രദേശങ്ങൾ ലഹരി മാഫിയകളുടെയും സായുധ സംഘങ്ങളുടെയും പിടിയിലാണെന്നും വ്യക്തമാക്കുന്നു. മുന്നറിയിപ്പുകൾ അവഗണിച്ച് വെനസ്വേലയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർ സുരക്ഷിത സ്ഥലങ്ങളിൽ കഴിയാൻ തയ്യാറെടുക്കുകയും ആവശ്യത്തിന് ഭക്ഷണം, വെള്ളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തുകയും രജിസ്ട്രേഷൻ ഓഫ് കനേഡിയൻസ് അബ്രോഡിൽ കോൺടാക്റ്റ് വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണമെന്നും ഫെഡറൽ സർക്കാർ നിദ്ദേശിച്ചു.
