ഓട്ടവ : കാനഡയിലെ ടൂറിസം സീസൺ കഴിഞ്ഞ വർഷം റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചതായി റിപ്പോർട്ട്. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ മിക്ക കനേഡിയൻ യാത്രക്കാരും വിദേശയാത്രകൾ ഒഴിവാക്കി സ്വന്തം രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. പാർക്സ് കാനഡ അവതരിപ്പിച്ച ‘കാനഡ സ്ട്രോങ്ങ് പാസ്’ വഴി നാഷണൽ പാർക്കുകളിലും മ്യൂസിയങ്ങളിലും ലഭിച്ച ഇളവുകൾ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. വിയ റെയിൽ യാത്രക്കാരുടെ എണ്ണത്തിൽ 6.5 ശതമാനവും മ്യൂസിയം സന്ദർശകരുടെ എണ്ണത്തിൽ 15 ശതമാനവും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

ഹാലിഫാക്സ് ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ ക്രൂയിസ് കപ്പലുകളുടെ വരവിലും വലിയ വർധനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇരുനൂറിലധികം കപ്പലുകൾ ഹാലിഫാക്സിൽ എത്തിയെങ്കിൽ, 2026-ൽ ഇത് റെക്കോർഡുകൾ ഭേദിക്കുമെന്ന് ടൂറിസം ഓപ്പറേറ്റർമാർ പറയുന്നു. ഇന്ധനവിലയിലുണ്ടായ കുറവ് റോഡ് മാർഗ്ഗമുള്ള യാത്രകൾക്ക് ഗുണകരമായതും ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകുന്നുണ്ട്. ഈ കുതിച്ചുചാട്ടം വിനോദസഞ്ചാര മേഖലയിലെ പ്രാദേശിക സംരംഭകർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സഹായിച്ചതായി ഡെസ്റ്റിനേഷൻ കാനഡ സിഇഒ മാർഷ വാൾഡൻ വ്യക്തമാക്കി.
