Monday, January 5, 2026

അമേരിക്കയിലും കാനഡയിലും ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു: റിപ്പോർട്ട്

വാഷിങ്ടൻ: വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ H3N2 ഇൻഫ്ലുവൻസ പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കും മുൻവർഷങ്ങളെ അപേക്ഷിച്ച് കുത്തനെ വർധിക്കുകയാണ്. വരും ആഴ്ചകളിൽ കാനഡയിലും സമാനമായ രീതിയിൽ രോഗവ്യാപനം ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

അമേരിക്കൻ ആരോഗ്യ ഏജൻസിയായ സി.ഡി.സി (CDC) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ സീസണിൽ ഇതുവരെ ഏകദേശം 75 ലക്ഷം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 81,000 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2025 ഡിസംബർ രണ്ടാം പകുതിയോടെ രോഗസ്ഥിരീകരണ നിരക്ക് 15.7 ശതമാനത്തിൽ നിന്ന് 25.6 ശതമാനമായി ഉയർന്നു. രോഗബാധയെത്തുടർന്നുള്ള സങ്കീർണ്ണതകൾ മൂലം അഞ്ച് കുട്ടികൾ മരിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

പഴയ കാലത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, നിലവിലെ H3N2 ഫ്ലൂ ബാധ അത്രമേൽ ഗുരുതരമാണെന്നും സാധാരണയിൽ കൂടുതൽ ആളുകൾക്ക് ആശുപത്രി സഹായം വേണ്ടിവരുന്നു എന്നും ടൊറന്റോ സർവകലാശാലയിലെ പ്രൊഫസർ ഡോ. ഫഹദ് റസാക് പറഞ്ഞു. വൈറസ് വ്യാപനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളത്. അവധിക്കാലത്തെ യാത്രകളും കൂടിച്ചേരലുകളും രോഗവ്യാപനത്തിന്റെ വേഗത വർധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. H3N2 വൈറസിന്റെ ‘സബ്‌ക്ലേഡ് K’ എന്ന വകഭേദമാണ് ഇപ്പോൾ പ്രധാനമായും പടരുന്നത്.

അമേരിക്കയിലെ സാഹചര്യം കാനഡയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഹെൽത്ത് കാനഡയുടെ കണക്കുകൾ പ്രകാരം, ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം മുൻ ആഴ്ചയെ അപേക്ഷിച്ച് ഇരട്ടിയിലധികമായി. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണത്തിൽ 30 ശതമാനത്തോളം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഓസ്‌ട്രേലിയ, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും വലിയ തോതിലുള്ള ഫ്ലൂ വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിർത്തി കടന്നുള്ള യാത്രകൾ വൈറസ് വ്യാപനം പ്രതിരോധിക്കുന്നത് പ്രയാസകരമാക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അവധിക്കാലം കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ, കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. രോഗബാധയും ഗുരുതരാവസ്ഥയും ഒഴിവാക്കാൻ എത്രയും വേഗം ഫ്ലൂ വാക്സിനേഷൻ പൂർത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!