ഹാലിഫാക്സ് : കഴിഞ്ഞ വർഷത്തെ കടുത്ത വരൾച്ചയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി നോവസ്കോഷയിലെ ബ്ലൂബെറി കർഷകർ. കഴിഞ്ഞ വേനൽക്കാലത്ത്, മഴയുടെ അഭാവവും വരൾച്ചയും കാരണം ബ്ലൂബെറി ഉൽപാദനം മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം കുറഞ്ഞതായി വൈൽഡ് ബ്ലൂബെറി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഓഫ് നോവസ്കോഷ (WBPANS) എക്സിക്യൂട്ടീവ് ഡയറക്ടർ ജാനറ്റ് മക്ഡോണൾഡ് പറയുന്നു. ഇതോടെ ബ്ലൂബെറിയുടെ വില കുത്തനെ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. കംബർലാൻഡ് കൗണ്ടിയും പാർസ്ബോറോയും ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾ.

2026-ൽ ബ്ലൂബെറി കാർഷിക മേഖലയുടെ തിരിച്ചുവരവിന് പ്രവിശ്യാ സർക്കാരിന്‍റെ സാമ്പത്തിക സഹായം അനിവാര്യമാണെന്നും ജാനറ്റ് മക്ഡോണൾഡ് പറഞ്ഞു. ബ്ലൂബെറി കർഷകരെ സഹായിക്കുന്നതിനായി WBPANS അവരുടെ ലെവികൾ എഴുതിത്തള്ളിയതായും, അംഗങ്ങൾക്കുള്ള വിള ഇൻഷുറൻസ് പ്രീമിയങ്ങൾക്കായി സംഘടന 100,000 ഡോളർ നീക്കിവച്ചതായും അവർ കൂട്ടിച്ചേർത്തു. ബ്ലൂബെറി വ്യവസായം അടുത്ത സീസണിലേക്ക് കടക്കുമ്പോൾ സർക്കാരിന്‍റെ പിന്തുണ ഉണ്ടെങ്കിൽ പോലും കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ജാനറ്റ് മക്ഡോണൾഡ് മുന്നറിയിപ്പ് നൽകി.
