വിനിപെഗ് : പ്രവിശ്യയിലുടനീളം പുതിയ റോഡ് സുരക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതായി മാനിറ്റോബ ഗതാഗതമന്ത്രി ലിസ നെയ്‌ലർ പ്രഖ്യാപിച്ചു. ബിൽ 38 – ഹൈവേ ട്രാഫിക് ഭേദഗതി നിയമം അപകടങ്ങൾ കുറയ്ക്കുന്നതിനും റോഡുകളിൽ സഞ്ചരിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ആവശ്യമായ സ്ഥലവും സുരക്ഷയും നൽകാനും ലക്ഷ്യമിടുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.

ബിൽ 38 അനുസരിച്ച്, ഡ്രൈവർമാർ മണിക്കൂറിൽ 80 കിലോമീറ്റർ അല്ലെങ്കിൽ വേഗം കുറഞ്ഞ റോഡുകളിൽ 30 മീറ്റർ അകലം പാലിക്കണം. വേഗപരിധി അതിലും കൂടുതലാണെങ്കിൽ 100 മീറ്റർ അകലവും പാലിക്കണമെന്ന് പുതിയ നിയമത്തിൽ പറയുന്നു. മുന്നിലുള്ള കാഴ്ച തടസ്സപ്പെടുകയോ വാഹനത്തിനോ ജോലിക്കോ തടസ്സമുണ്ടാക്കുന്ന അപകടമുണ്ടെങ്കിൽ ഡ്രൈവർമാർ വാഹനം നിർത്തണം. കൂടാതെ സൈക്കിൾ യാത്രക്കാരെ കടന്നുപോകുമ്പോൾ ഡ്രൈവർമാർ കുറഞ്ഞത് ഒരു മീറ്ററെങ്കിലും സ്ഥലം വിട്ടുകൊടുക്കണം. ടോ ട്രക്കുകളുടെ ഓപ്പറേറ്റർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനും ജോലിസ്ഥലങ്ങളിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനുമായി സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്നും ബിൽ 38-ൽ നിർദ്ദേശിക്കുന്നു.
