ഇസ്ലാമാബാദ്: 2025 മെയ് മാസത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടിക്കിടെ തങ്ങള്‍ നയതന്ത്ര ഇടപെടല്‍ നടത്തിയെന്ന ചൈനയുടെ അവകാശവാദത്തെ പിന്തുണച്ച് പാക്കിസ്ഥാന്‍. സംഘര്‍ഷം ലഘൂകരിക്കാനും മേഖലയില്‍ സമാധാനം ഉറപ്പാക്കാനും ചൈന ക്രിയാത്മകമായ പങ്കുവഹിച്ചുവെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് താഹിര്‍ ആന്ധ്രാബി പറഞ്ഞു.
മധ്യസ്ഥശ്രമങ്ങളെക്കുറിച്ചുള്ള ചൈനീസ് വിശദീകരണം ശരിയാണെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. സംഘര്‍ഷസമയത്ത് ചൈനീസ് നേതാക്കള്‍ പാക്കിസ്ഥാന്‍ നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും സമാധാനത്തിനായുള്ള നയതന്ത്ര നീക്കങ്ങള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് ഇതേ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇടപെട്ടതെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. എന്നാല്‍ പുതിയ പ്രസ്താവനയോടെ ആ ക്രെഡിറ്റ് ചൈനയ്ക്ക് നല്‍കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്.

ഇന്ത്യയുടെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യന്‍ സൈന്യം ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചത്. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര പരിശീലന കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ ശക്തമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെ പാക്കിസ്ഥാനിലെ നൂര്‍ ഖാന്‍ വ്യോമതാവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
